കാഴ്ചപ്പാടും ദൗത്യവും
സമ്പൂർണ്ണ ഗുണമേന്മയുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി നിലകൊള്ളുക..
ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ച് വർഷത്തെ അനുഭവപരിചയം ഒരു കരുത്തായി നമ്മോടൊപ്പമുണ്ട്. പ്രാദേശികപദ്ധതി രൂപീകരിക്കാനും, നടപ്പിലാക്കാനുമുള്ള വൈദഗ്ദ്ധ്യം പ്രാദേശിക സർക്കാരുകൾ ആർജ്ജിച്ചു. വിവര വ്യാപനങ്ങളുടെ പിന്തുണയോടെ കുറ്റമറ്റ രീതിയിൽ വികസന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താൻ കഴിയുന്നു. പാഴ്ചെലവ് ഏതുമില്ലാതെ ചെലവഴിച്ച പണത്തേക്കാൾ മൂല്യത്തിന് വികസന പ്രവർത്തനങ്ങൾ ഗ്രാമതലങ്ങളിൽ നടന്നു. സർവ്വതല സുശ്രീയമായ വികസനവും അതുവഴി സാമൂഹ്യപുരോഗതിയും ഉണ്ടായി. പ്രാദേശിക പദ്ധതി ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും പൂർണ്ണതോതിലുള്ള ജനപങ്കാളിത്തവും പിന്തുണയുംകൊണ്ടാണ് ഇത്രയും നേട്ടം നേടാനായത്. ഇത് പഞ്ചായത്തിനോട് ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിച്ചു. അത് ഒരു വൈകാരിക ബന്ധമായി വളർന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കാലത്തെ ദുരന്ത ഘട്ടങ്ങളിൽ ജനങ്ങൾ പഞ്ചായത്തുകളിൽ അഭയം തേടിയത്.
പഞ്ചായത്തുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ട്. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശേഷിയും കാര്യക്ഷമതയും ഇനിയും വർദ്ധിപ്പിക്കണം. പ്രാദേശിക ഭരണകൂടവും ജനങ്ങളും ഒന്നായി തീരുന്ന ഭരണ വ്യവസ്ഥ സഞ്ജാതമാവണം. വിഭവാധിഷ്ഠിതവും സർവ്വശേഷിത്വവും ആയ വികസനം രൂപപ്പെടണം.
പുതിയ കാലത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ ഏറ്റെടുക്കാനും നാം പ്രാപ്തമാവേണ്ടതുണ്ട്. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും, സാങ്കേതികസ്ഥാപനങ്ങളുടെയും സേവനം പദ്ധതി ആസൂത്രണത്തിന്റെയും, നിർവ്വഹണത്തിന്റെയും വിലയിരുത്തലിന്റെയും എല്ലാ ഘട്ടങ്ങളിലും ഉറപ്പു വരുത്തും.
സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവകേന്ദ്രമായി നമ്മുടെ ബ്ലോക്ക് പഞ്ചായത്തിനെ വികസിപ്പിക്കുക എന്നതാണ് പതിനാലാം പദ്ധതിയുടെ പൊതു സമീപനം.
വിവിധതട്ടുകളിലെ തദ്ദേശഭരണസ്ഥാപനങ്ങൾ ഉൾപ്പെടുന്ന ബഹുതല ആസൂത്രണം ഉറപ്പാക്കും. ജില്ലാപദ്ധതി നിർദ്ദേശങ്ങൾ ബ്ലോക്കിന്റെ വാർഷിക ദീർഘകാല പദ്ധതികളിൽ പ്രതിഫലിപ്പിക്കും.
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 2030 ഓടെ നാം ആർജ്ജിക്കേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഈ പദ്ധതികാലത്ത് തന്നെ നേടിയെടുക്കാനുള്ള ശ്രമം ഉണ്ടാവും.
പൊതുലക്ഷ്യങ്ങൾ
സുസ്ഥിരവികസന സാധ്യമാക്കുക
സുസ്ഥിര സാമ്പത്തിക വളർച്ച നേടുക
സമ്പദ് വ്യവസ്ഥയെ വിജ്ഞാനാധിഷ്ഠിതമായി വികസിപ്പിക്കുക.
വ്യക്തികളുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനം ഉറപ്പുവരുത്തുക
പ്രകൃതി വിഭവങ്ങൾ കരുതലോടെ വിനിയോഗിക്കുക.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക കർമ്മ പരിപാടരൂപപ്പെടുത്തുക
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള കഴിവുകൾ ആർജ്ജിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക
മുഴുവൻ ജനങ്ങളുടെയും ഉൾച്ചേർന്ന വികസനം ഉറപ്പാക്കുക.
പിന്നോക്ക-പാർശ്വവൽക്കൃതവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക.
ആധുനികവും പരിസ്ഥിതിസൗഹൃദവും ആയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക.
മാലിന്യപരിപാലനവും ശുചിത്വ ശീലവൽക്കരണവും ഉറപ്പാക്കുക.
ലക്ഷ്യാധിഷ്ഠിതമായും ഫലാധിഷ്ഠിതമായും പദ്ധതികൾ ചിട്ടപ്പെടുത്തുക.
സമഗ്രവികസന ഇടപെടലിലൂടെ ജനങ്ങളുടെ ജീവിത ഗുണമേന്മ വർദ്ധിപ്പിക്കുകയും അതുവഴി സംതൃപ്തവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
സവിശേഷ വികസന ലക്ഷ്യങ്ങൾ
ചെറുകിട വ്യവസായങ്ങളുടെ വളർച്ച ഉറപ്പാക്കുക.
തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളിലെ ഉൽപ്പാദനവും, ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക.
ഖര, ദ്രവമാലിന്യ പരിപാലനത്തിന് ഗാർഹിക-പൊതുഇട പദ്ധതികൾ ആവിഷ്ക്കരിക്കുക.
ഭവന രഹിത, അഗതിരഹിത ബ്ലോക്ക് എന്ന ലക്ഷ്യം നേടുക.
നഗരവൽക്കരണ സാധ്യതകൾ പരിഗണിച്ച് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുക.
കല, കായിക സാംസ്കാരിക മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കുക
ദുരന്താഘാത സാധ്യതകൾ പരിഗണിച്ചു കൊണ്ടുള്ള പദ്ധതി തയ്യാറാക്കുക.
ഹരിതോർജ്ജപദ്ധതി പ്രോത്സാഹിപ്പിക്കുക.
സ്ത്രീപക്ഷ നവകേരളം പടുത്തുയർത്തുക.
പൊതു മുൻഗണനകൾ
തൊഴിൽ സൃഷ്ടിക്കൽ
ഉൽപ്പാദനം , ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കൽ
പ്രകൃതി വിഭവ പരിപാലനം
ദുരന്ത നിവാരണ പദ്ധതി
ശുചിത്വം, മാലിന്യ സംസ്കരണം
ലിംഗസമത്വം, സാമൂഹ്യനീതി
സദ്ഭരണം
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ